വീഡിയോ പരസ്യങ്ങളുമായി അച്ചടി മാഗസിനുകള്‍

വിവരസാങ്കേതിക ലോകത്തെ കുതിച്ചുച്ചാട്ടത്തിന് മുന്നില്‍ തകര്‍ന്നു പോയ അച്ചടി മാഗസിനുകള്‍ പുതിയ കണ്ടെത്തലുകള്‍ നടത്തുകയാണ്. വേഗതയുടെ ലോകത്ത് പിടിച്ചു നില്‍ക്കാനായി അമേരിക്കയിലെ പ്രമുഖ മാഗസിനുകളൊക്കെ പൊരുതുകയാണ്. ഇതിന്‍റെ ഭാഗമായി അച്ചടി മാഗസിനുകളില്‍ വീഡിയോ പരസ്യങ്ങള്‍ കൂടി ഉള്‍പ്പെടുത്താന്‍ തുടങ്ങിയിരിക്കുന്നു. തങ്ങളുടെ വായനക്കാരെ ആകര്‍ഷിപ്പിക്കാ‍നായി അമേരിക്കയിലെ പ്രസിദ്ധ വിനോദ മാഗസിനാണ് ചലിക്കുന്ന പരസ്യങ്ങളുമായി രംഗത്ത് എത്തിയിരിക്കുന്നത്.

മാഗസിന്‍ പേജുകളില്‍ പ്രത്യേക കാര്‍ബോര്‍ഡുകളില്‍ തയ്യാറാക്കിയിട്ടുള്ള ചെറിയ സ്ക്രീനിലാണ് ചലിക്കുന്ന പരസ്യം തെളിയുക. പെപ്സി മാക്സ്, യു എസ് ടി നെറ്റ്വര്‍ക്ക്, സി ബി എസ് എന്നിവയുടെ പരസ്യങ്ങളാണ് നിലവില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. എന്റര്‍ടെയ്ന്‍മെന്‍റ് വീക്ക്‌ലി മാഗസിന്‍റെ സെപ്റ്റംബര്‍ 18 ലക്കത്തിലെ വീഡിയോ പരസ്യം തിരഞ്ഞെടുത്ത പരിമിതമായ കോപ്പികളില്‍ മാത്രമാമാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

മാഗസിനൊപ്പം ചെറിയ സ്പീക്കറും ലഭ്യമാണ്. ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ സാധിക്കുന്ന ഈ പരസ്യ തന്ത്രത്തിന് വന്‍ പ്രചാരമാണ് ലഭിച്ചിരിക്കുന്നത്. വന്‍ കിട കമ്പനികളൊക്കെ ഇത്തരത്തില്‍ പരസ്യം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്. അച്ചടി മാഗസിനിലെ പുതിയ വീഡിയോ പരസ്യം ചെയ്യല്‍ ഏറെ ഇഷ്ടപ്പെട്ടതായി പെപ്സിയുടെ മാര്‍ക്കറ്റിംഗ് മേധാവി പറഞ്ഞു.

വീഡിയോ പേജുകളില്‍ സൂക്ഷിക്കാനായി ചിപ് സാങ്കേതിക വിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. പ്രത്യേകം അലങ്കരിച്ച പേജുകളിലെ കുഞ്ഞു സ്ക്രീനുകളില്‍ തെളിയുന്ന വീഡിയോ പരസ്യങ്ങള്‍ ഏതൊരാളെയും ആകര്‍ഷിപ്പിക്കും. ഓരോ പേജും മറിയ്ക്കുമ്പോള്‍ പരസ്യ വീഡിയോ താനേ പ്രവര്‍ത്തിച്ചു തുടങ്ങും. 40 മിനുറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ ദൃശ്യങ്ങള്‍ വരെ ഇത്തരം ചിപ്പുകളില്‍ ശേഖരിച്ച് വയ്ക്കാനാകും.

ഓപറയുടെ പുതിയ മൊബൈല്‍ ബ്രൌസര്‍ വിപണിയില്‍(opera mini.5)

ജനപ്രിയ മൊബൈല്‍ ബ്രൌസര്‍ നിര്‍മ്മാതാക്കളായ ഓപറ മിനിയുടെ അഞ്ചാമത്തെ പതിപ്പ് പുറത്തിറങ്ങി.

DOWNLOAD FROM HERE

ഓണ്‍ലൈന്‍ വായനയ്ക്ക് ഗൂഗിളിന്‍റെ ഫാസ്റ്റ് ഫ്ലിപ്

ഓണ്‍ലൈന്‍ വായനയെ സഹായിക്കാനായി പുതിയ ഫോര്‍മാറ്റ് പരീക്ഷിക്കാനുള്ള തയ്യറെടുപ്പിലാണ് ഇന്‍റര്‍നെറ്റ് ഭീമന്‍ ഗൂഗിള്‍. ഇതിനായി ഫാസ്റ്റ് ഫ്ലിപ് സംവിധാനം ഗൂഗിള്‍ തുടങ്ങി കഴിഞ്ഞു. ഫാസ്റ്റ് ഫ്ലിപ് ഫോര്‍മാറ്റ് ഉപയോഗിച്ച് ഓണ്‍ലൈന്‍ മാഗസിനുകളും പത്രങ്ങളും സുഖകരമായി വായിക്കാനാകുമെന്നാണ് അധികൃതര്‍ അവകശപ്പെടുന്നത്.

പുതിയ പദ്ധതിയുടെ പരീക്ഷണ പതിപ്പ് ജനപ്രിയ ബ്ലോഗ് ടെക്‍ക്രഞ്ച് സംഘടപ്പിച്ച ചടങ്ങില്‍ ഗൂഗില്‍ പുറത്തിറക്കി. പ്രിന്‍റ് പതിപ്പിലേത് പോലെ വായനാനുഭവം നല്‍കുന്ന ഫാസ്റ്റ് ഫ്ലിപ് ഫോര്‍മാറ്റ് ഓണ്‍ലൈന്‍ വായനക്കാരെ ഏറെ സഹായിക്കുമെന്നാണ് കരുതുന്നത്.

ഇലക്ട്രോണിക് പേജുകളില്‍ കാണാനാകുന്ന ലേഖനങ്ങളും വാര്‍ത്തകളും സ്ക്രോള്‍ ചെയ്ത് പെട്ടെന്ന് വായിക്കാനാകും. വലിയ പേജുകള്‍ ലോഡ് ചെയ്തുവരാന്‍ കാത്തിരിക്കേണ്ടതില്ലെന്നതാണ് പുതിയ സാങ്കേതികതയുടെ പ്രത്യേകത. ഇഷ്ടപ്പെട്ട എഴുത്തുകാരുടെയും പ്രസാധകരുടെയും എഴുത്തുകളും പുസ്തകങ്ങളും വിഷയാടിസ്ഥാനത്തില്‍ വകതിരിക്കാനും സാധിക്കും.

വാര്‍ത്തകള്‍ വിഭാഗങ്ങള്‍ തിരിച്ച് വായിക്കനാകും. ഇമേജ് ഫോര്‍മാറ്റിലാണ് വാര്‍ത്തകളും ഫീച്ചറുകളും ഡിസ്പ്ലേ ചെയ്യുന്നത്. മൂന്ന് ഡസനോളം പ്രസാധകരും നിരവധി വെബ്സൈറ്റുകളും ഗൂഗിളിന്‍റെ ഫാസ്റ്റ് ഫ്ലിപ് ഫോര്‍മാറ്റ് സംവിധാനവുമായി യോജിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ന്യൂയോര്‍ക്ക് ടൈംസ്, വാഷിംഗ്ടണ്‍ പോസ്റ്റ് എന്നിവയില്‍ നിന്നുള്ള വാര്‍ത്തകളും ലേഖനങ്ങളും ഫാസ്റ്റ് ഫ്ലിപില്‍ ലഭ്യമാണ്.

പ്രസാധകര്‍ക്ക് തങ്ങളുടെ പരസ്യം പ്രസിദ്ധീകരിക്കാനുള്ള അവസരും ഫാസ്റ്റ് ഫ്ലിപ് നല്‍കുന്നുണ്ട്. ഇതിലൂടെ കൂടുതല്‍ വരുമാനം നേടാനാകുമെന്നതിനാല്‍ കൂടുതല്‍ പ്രസാധകര്‍ മുന്നോട്ട് വരുമെന്നാണ് കരുതുന്നത്.

ബ്ലോഗര്‍ തടവുകാരനെ വിയറ്റ്നാം പൊലീസ് വിട്ടയച്ചു

തടവില്‍ കഴിയുകയായിരുന്ന ബ്ലോഗ് എഴുത്തുകാരന്‍ ഗുയെന്‍ ഗോക് ഹു ക്യുന്‍‌ഹിനെ വിയറ്റ്നാം പൊലീസ് വിട്ടയച്ചു. രാജ്യസുരക്ഷയ്ക്ക് ഭീഷണി സൃഷ്ടിക്കുന്ന രീതിയില്‍ ബ്ലോഗ് പ്രസിദ്ധീകരിച്ചെന്ന് ആരോപിച്ചാണ് ബ്ലൊഗറെ വിയറ്റ്നാം പൊലീസ് ഒരാഴ്ചയോളം തടവിലിട്ടത്.

തുടര്‍ന്ന് കൂടുതല്‍ അന്വേഷണം നടത്തിയ പൊലീസ് ഇദ്ദേഹം കുറ്റക്കാരനല്ലെന്ന് കണ്ടെത്തി വിട്ടയക്കുകയായിരുന്നു. കഴിഞ്ഞ ഓഗസ്റ്റില്‍ മറ്റൊരു ബ്ലോഗറെയും പത്രപ്രവര്‍ത്തകനെയും വിയറ്റ്നാം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മി നാം എന്ന പേരില്‍ ബ്ലോഗ് എഴുതുന്ന ക്യുന്‍‌ഹ് വിയറ്റ്നാം സര്‍ക്കാറിനെ മോശമായി ചിത്രീകരിച്ച് ബ്ലോഗ് പ്രസിദ്ധീകരിച്ചെന്നതാണ് കേസ്. നേരത്തെ പിടിയിലായിരുന്നവര്‍ക്കെതിരെയും ഇത് തന്നെയായിരുന്നു ആരോപണം. സര്‍ക്കാര്‍ നടത്തുന്ന ബോക്സൈറ്റ് പദ്ധതിയെ കുറിച്ച് ഇദ്ദേഹം രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു.

രാജ്യത്തെ ബൊക്സൈറ്റ് ചൂഷണത്തിനെതിരെയുള്ള പ്രചാ‍രണത്തിന് ടീ-ഷെര്‍ട്ട് നിര്‍മ്മിച്ച് വിതരണം ചെയ്യാനും ഇദ്ദേഹത്തിന് പദ്ധതിയുണ്ടായിരുന്നു എന്നും പൊലീസ് കണ്ടെത്തി. രാജ്യസുരക്ഷാ നിയമങ്ങള്‍ ലംഘിച്ച് പ്രവര്‍ത്തിച്ചതിനാലാണ് മൂന്ന് പേരെയും അറസ്റ്റ് ചെയ്തതെന്ന് വിയറ്റ്നാം വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞു.

കമ്മ്യൂണിറ്റ് പാര്‍ട്ട് ഓഫ് വിയറ്റ്നാം സര്‍ക്കാറിനെതിരെ വാദിക്കുന്നവര്‍ക്കെതിരെ കടുത്ത നിയമ നടപടികളാണ് സ്വീകരിക്കുന്നത്. ബ്ലോഗ്, ഓണ്‍ലൈന്‍ പത്രങ്ങളില്‍ പ്രസിദ്ധീകരിക്കുന്ന വസ്തുകള്‍ നിരീക്ഷിക്കാന്‍ പ്രത്യേക സംഘം തന്നെ സര്‍ക്കാറിന് കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഭരിക്കുന്ന ചൈനയും നെറ്റ്ലോകത്ത് വന്‍ നിയന്ത്രണങ്ങളാണ് നടപ്പിലാക്കിയിരിക്കുന്നത്.

ഗൂഗിള്‍ സെര്‍ച്ച് പൂമുഖം പുതുക്കി

ഇന്‍റര്‍നെറ്റ് ഭീമന്‍ ഗൂഗിള്‍ സെര്‍ച്ച് എഞ്ചിന്‍റെ പൂമുഖം പുതുക്കി. സെര്‍ച്ച് ബൊക്സിന്‍റെ വലിപ്പം വര്‍ധിപ്പിച്ചിട്ടുണ്ട്. സെര്‍ച്ച് ബൊക്സ് വലുതാക്കയതായി ഗൂഗിള്‍ വൈസ് പ്രസിഡന്‍റ് മരിസ മായര്‍ തന്‍റെ ബ്ലോഗിലൂടെ അറിയിക്കുകയായിരുന്നു.

സെര്‍ച്ച് ചെയ്യുന്നതിനായി ടൈപ് ചെയ്യുന്ന അക്ഷരങ്ങളുടെ വലിപ്പത്തിലും ഘടനയിലും ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. സെര്‍ച്ചിംഗില്‍ കൂടുതല്‍ വേഗതയും കൃത്യതയും നല്‍കുക എന്ന ലക്‍ഷ്യവുമായാണ് ഗൂഗിളിന്‍റെ പുതിയ പരിഷ്കരണ പദ്ധതികളെന്നാണ് കരുതുന്നത്. കാലിഫോര്‍ണിയ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഗൂഗിള്‍ ഇന്‍റര്‍നെറ്റ് സെര്‍ച്ചിംഗ് വിപണി സജീവമാക്കുന്നതിന്‍റെ ഭാഗമായി ദിവസവും നിരവധി മാറ്റങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്.

നെറ്റ് ലോകത്തെ സെര്‍ച്ചിംഗില്‍ ഗൂഗിള്‍ എന്നും മുന്നിലാണെന്നും കൂടുതല്‍ സൌകര്യങ്ങള്‍ ലഭ്യമാക്കാന്‍ വേണ്ട സാങ്കേതിക വിദ്യകള്‍ കണ്ടെത്തിക്കൊണ്ടിരിക്കുകയാനെന്നും ഗൂഗിള്‍ വക്താവ് അറിയിച്ചു. സെര്‍ച്ച് എഞ്ചിന്‍ സേവനത്തിലൂടെ പരസ്യ മേഖലയില്‍ നിന്ന് ഗൂഗിള്‍ വന്‍ നേട്ടമാണ് കൈവരിക്കുന്നത്. പതിനൊന്ന് വര്‍ഷമയി സെര്‍ച്ച് വിപണിയില്‍ മികച്ച മുന്നേറ്റം തുടരുന്ന ഗൂഗിള്‍ സെര്‍ച്ച് എഞ്ചിന്‍ നിരവധി തവണ മാറ്റങ്ങള്‍ക്ക് വിധേയമാക്കിയിരുന്നു.

‘ഹലാലായ’ നെറ്റ്‌അന്വേഷണത്തിന് ‘ഐഎംഹലാല്‍’

ഇസ്ലാം മതത്തിന്‍റെ തത്വങ്ങള്‍ അടിസ്ഥാനമാക്കിയുള്ള സെര്‍ച്ച് എഞ്ചിന്‍ പ്രവര്‍ത്തനം തുടങ്ങി. നേരായ വഴിയിലൂടെ മാത്രം അന്വേഷണം നടത്താന്‍ സാധിക്കുന്ന ഐഎംഹാലാല്‍ സെര്‍ച്ച് എഞ്ചിനില്‍ ഹറാമായതൊക്കെ(നിഷിദ്ധമായത്) വിലക്കിയിട്ടുണ്ട്. അശ്ലീല സൈറ്റുകളോ, ബന്ധപ്പെട്ട ചിത്രങ്ങളൊ ഐഎംഹലാല്‍ സെര്‍ച്ച് എഞ്ചിനില്‍ തിരയാന്‍ സാധിക്കില്ല. ഡച്ച് ഇന്‍റര്‍നെറ്റ് കമ്പനിയായ എ ഇസഡ് എസ് മീഡിയാ ഗ്രൂപ്പാണ് ഇത്തരമൊരു സെര്‍ച്ച് എഞ്ചിന്‍ തുടങ്ങിയിരിക്കുന്നത്.

അശ്ലീല സൈറ്റുകള്‍ക്ക് പുറമെ മയക്കുമരുന്ന്, കള്ള്, പന്നി എന്നിവ സംബന്ധിച്ച വിവരങ്ങളും വിലക്കിയിട്ടുണ്ട്. സെര്‍ച്ച് എഞ്ചിന്‍ വിലക്കിയിട്ടുള്ള വിവരങ്ങള്‍ തിരഞ്ഞാല്‍ ഇത് ഹറാമായ വാക്കാണെന്നും വിവരങ്ങള്‍ ലഭ്യമല്ലെന്നും കാണിക്കും. അതേസമയം, ഐഎംഹാലാല്‍ സെര്‍ച്ച് എഞ്ചിന്‍റെ ബീറ്റാ പതിപ്പാണ് തുടങ്ങിയിരിക്കുന്നത്. അതിനാല്‍ തന്നെ സെര്‍ച്ചിംഗ് വിവരങ്ങളും കുറവാണ്. വെബ് സെര്‍ച്ചിംഗില്‍ വിവരവുമായി ബന്ധപ്പെട്ട സൈറ്റുകളുടെ ചിത്രങ്ങളും നല്‍കുന്നുണ്ട്.

നിഷിദ്ധമായ ഓരോ വാക്കിനും പ്രത്യേക രീതിയില്‍ റേറ്റിംഗ് നല്‍കിയിട്ടുണ്ട്. ബലാത്സംഗം, അശ്ലീലം എന്നീ വാക്കുകള്‍ക്ക് റേറ്റിംഗില്‍ മൂന്നാം സ്ഥാനമാണ് നല്‍കിയിരിക്കുന്നത്. പന്നി, കള്ള് എന്നീ വാ‍ക്കുകളെ റേറ്റിംഗ് ഒന്നിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. സെര്‍ച്ച് എഞ്ചിന്‍ പ്രവര്‍ത്തനം തുടങ്ങി ഇതുവരെയായി നാലു ലക്ഷത്തോളം പേര്‍ സന്ദര്‍ശനം നടത്തിയെന്ന് സെര്‍ച്ച് എഞ്ചിന്‍ വക്താവ് സര്‍ദേഹ പറഞ്ഞു.

അറബ് രാജ്യങ്ങളിലെ നെറ്റ് ഉപയോക്താക്കളുടെ വികാരം മനസ്സിലാക്കിയാണ് ഇത്തരമൊരു സെര്‍ച്ച് എഞ്ചിന്‍ തുടങ്ങാന്‍ തീരുമാനിച്ചത്. മറ്റ് എല്ലാ സെര്‍ച്ച് എഞ്ചിനുകളും കുട്ടികളെ അശ്ലീലതയിലേക്കാണ് നയിക്കുന്നതെന്നും സര്‍ദേഹ അഭിപ്രായപ്പെട്ടു.
www.IMHALAL.com

വയര്‍ലെസ് ഇ-റീഡറുമായി സോണി

പ്രമുഖ ജാപ്പനീസ് ഇലക്ട്രോണിക്സ് കമ്പനിയായ സോണി കോര്‍പറേഷന്‍ ആദ്യ വയര്‍ലെസ് ഇലക്ട്രോണിക് റീഡര്‍ പുറത്തിറക്കി. ആമസോണിന്‍റെ ഇ-റീഡര്‍ സംവിധാനമായ കിന്‍ഡിലിന് വന്‍ ഭീഷണി സൃഷ്ടിച്ചു കൊണ്ടാണ് സോണിയുടെ വയര്‍ലെസ് ഇ-റീഡറിന്‍റെ വരവ്.

കിന്‍ഡിലിനേക്കാളും നൂറ് ഡോളര്‍ കൂടുതല്‍ ചെലവ് വരുന്ന സോണിയുടെ ഡെയ്‌ലി എഡിഷന്‍ 399 ഡോളറിന് അടുത്ത ഡിസംബറോടു കൂടി വിപണിയിലെത്തും. സോണിയുടെ ഇ-റീഡറിന് ഏഴു ഇഞ്ച് ടച്ച് സ്ക്രീന്‍ സംവിധാനവും അലുമിനം ബോഡിയുമായാണ് പ്രധാനപ്പെട്ട സവിശേഷതകള്‍. ത്രീജി വയര്‍ലെസ് ഇന്‍റര്‍നെറ്റ് സേവനം ഉപയോഗിച്ചായിരിക്കും സോണി ഇ-റീഡര്‍ പ്രവര്‍ത്തിക്കുക.

ആമസോണ്‍ കിന്‍ഡില്‍ ഇറക്കിയതിന് ശേഷം ഈ മേഖലയില്‍ വന്‍ മുന്നേറ്റങ്ങളാണ് നടന്നുക്കൊണ്ടിരിക്കുന്നത്. ഈ മേഖലയില്‍ സോണി മികച്ച മുന്നേറ്റമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. വയര്‍ലെസ് ഇ-റീഡര്‍ പുറത്തിറക്കിയും നിലവിലെ ഉല്‍പ്പന്നങ്ങളുടെ വില കുറച്ചും വിപണി പിടിച്ചടക്കാനുള്ള പദ്ധതിയിലാണ് സോണി.

കഴിഞ്ഞ ജനുവരിയിലെ കണക്കുകള്‍ പ്രകാരം നാലു ലക്ഷത്തോളം റീഡറുകള്‍ വില്‍പ്പന നടത്തിയെന്നാണ് സോണി അവകാശപ്പെടുന്നത്. നേരത്തെ സോണി 199 ഡോളറിന്‍റെ പോക്കറ്റ് എഡിഷന്‍, 299 ഡോളറിന്‍റെ ടച്ച് എഡിഷന്‍ എന്നിവ പുറത്തിറക്കിയിരുന്നു.

ഒപേരയുടെ പുതിയ ബ്രൌസര്‍ വിപണിയില്‍

നോര്‍വെ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഒപേര സോഫ്റ്റ്വയര്‍ കമ്പനിയുടെ പുതിയ വെബ് ബ്രൌസര്‍ പുറത്തിറങ്ങി. ബ്രൌസിംഗ് വേഗതയ്ക്ക് പ്രാമുഖ്യം നല്‍കി വികസിപ്പിച്ചെടുത്തിട്ടുള്ള ബ്രൌസറിന് ഒപേര പത്ത് എന്നാണ് പേരിട്ടിരിക്കുന്നത്. പുതിയ രൂപം, പുതിയ സാങ്കേതിക വിദ്യകള്‍ എന്നതാണ് ഒപേര പത്തിന്‍റെ പ്രത്യേകത.

ലോക ബ്രൌസര്‍ നിര്‍മ്മാണത്തില്‍ ഒപേരയ്ക്ക് മൂന്നാം സ്ഥാനമാണ്. ഗൂഗിളിന്‍റെ ക്രോം ഒന്നാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ ആപ്പിളിന്‍റെ സഫാരി രണ്ടാം സ്ഥാനത്താണ്. എന്നാല്‍ മൈക്രോസോഫ്റ്റ്, മോസില എന്നീ ബ്രൌസറുകളും ഒപേരയ്ക്ക് പിന്നാലെ തന്നെയുണ്ട്. പുതിയ ഒപേര ബ്രൌസറില്‍ ജിമെയില്‍, ഫേസ്ബുക്ക് എന്നീ സൈറ്റുകള്‍ പെട്ടെന്ന് പ്രവര്‍ത്തിപ്പിക്കാനാകും. വേഗതയില്ലത്ത നെറ്റ് കണക്‍ഷണുകളെ സഹായിക്കാനും ഒപേര പത്തിന് കഴിയുമെന്നാണ് അധികൃതര്‍ അവകാശപ്പെടുന്നത്.

ആഫ്രിക്കയിലെ പന്ത്രണ്ടോളം രാഷ്ട്രങ്ങളിലെ മൊബൈല്‍ ഉപയോക്താക്കള്‍ ഒപേര മിനി ബ്രൌസറാണ് ഉപയോഗിക്കുന്നത്.
ദക്ഷിണാഫ്രിക്ക, നൈജീരിയ, ഈജിപ്ത്, കെനിയ, ലിബിയ, താന്‍സാനിയ, കൊറ്റെ ഡി ഐവറി, നമീബിയ, ഗാന, ഗാബണ്‍ എന്നീ രാജ്യങ്ങളിലെ മൊബൈല്‍ ഉപയോക്താക്കളാണ് കൂടുതലായി ഒപേരയെ സമീപിക്കുന്നത്.

ഏപ്രില്‍ മുമ്പത്തെ 12 മാസത്തെ കണക്കുകള്‍ പ്രകാരം ഒപേരയുടെ മിനി ബ്രൌസര്‍ ഉപയോഗത്തില്‍ ആഫ്രിക്കയില്‍ 422 ശതമാനത്തിന്‍റെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. ഒപേരയുടെ 2008 ഏപ്രിലിലെ കണക്കുകള്‍ പ്രകാരം ലോകത്ത് ആകെ 23.4 ദശലക്ഷം മൊബൈല്‍ ഉപയോക്താക്കള്‍ ഒപേര മിനി ബ്രൌസര്‍ ഉപയോഗിക്കുന്നത്.

അതേസമയം, ഡെസ്ക്‍ടോപ് മേഖലയില്‍ ഒപേര വളരെ പിന്നിലാണ്. വിപണിയില്‍ 60 ശതമാനം പേരും മൈക്രോസോഫ്റ്റ് ഇന്‍റര്‍നെറ്റ് എക്സ്പ്ലോളര്‍ ഉപയോഗിക്കുമ്പോള്‍ മോസില ഫയര്‍ഫൊക്സ് 30 ശതമാനം പേര്‍ ഉപയോഗിക്കുന്നു. ഒപേര, ഗൂഗിള്‍, ആപ്പിള്‍ എന്നീ ബ്രൌസറുകള്‍ മൂന്ന് ശതമാനം പേരും ഉപയോഗിക്കുന്നു.

DOWNLOAD OPERA.10 HERE

പ്രധാനമന്ത്രി ഫേസ്ബുക്കില്‍

പ്രധാനമന്ത്രി മന്‍‌മോഹന്‍ സിംഗ് ജനപ്രിയ സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റായ ഫേസ്ബുക്കില്‍. ജീവിതത്തില്‍ മൊബൈല്‍ ഫോണ്‍ പോലും ഉപയോഗിക്കാത്ത മന്‍‌മോഹന്‍സിംഗിന്‍റെ പേരില്‍ തുടങ്ങിയ ഫേസ്ബുക്ക് പേജിലെ വിവരങ്ങള്‍ സ്ഥിരമായി പുതുക്കുന്നുണ്ട്. പ്രധാനമന്ത്രി വല്ലപ്പോഴും മാത്രമെ നെറ്റ് ഉപയോഗിക്കാറുള്ളൂ. അതേസമയം, പ്രധാനമന്ത്രിക്ക് വേണ്ടി ഫേസ്ബുക്ക് അംഗത്വമെടുത്തത് ആരെന്ന് അറിവായിട്ടില്ല.

ഫേസ്ബുക്കിന്‍റെ പ്രവര്‍ത്തനങ്ങളെ കുറിച്ചോ ഉപയോഗം സംബന്ധിച്ചോ പ്രധാനമന്ത്രിക്ക് വ്യക്തമായ ധാരണയില്ലെന്നാണ് അദ്ദേഹത്തിന്‍റെ മാധ്യമ ഉപദേഷ്ടാവായ സഞ്ജയ ബറുവ പറഞ്ഞത്. ലോകത്തെ പ്രമുഖ വ്യക്തികളൊക്കെ ഫേസ്ബുക്കിലും ട്വിറ്ററിലും അംഗത്വമെടുത്തിരുന്നു.

നേരത്തെ, വിദേശകാര്യ സഹമന്ത്രി ശശി തരൂര്‍ ട്വിറ്ററില്‍ അംഗത്വമെടുത്തിരുന്നു. സ്ഥിരമായ ട്വീറ്റ്സ് ചെയ്യുന്ന ട്വിറ്റര്‍ അംഗം കൂടിയാണ് തരൂര്‍. എന്തായാലും ഫേസ്ബുക്ക്, ട്വിറ്റര്‍ സംബന്ധിച്ച വിവരങ്ങള്‍ പ്രധാനമന്ത്രി ശശി തരൂരിനോടാണ് ചോദിച്ച് മനസ്സിലാക്കി കഴിഞ്ഞു. ഇനി മുതല്‍ പ്രധാനമന്ത്രി തന്നെ ഫേസ്ബുക്കില്‍ സജീവമായി എത്തിയേക്കുമെന്നാണ് കരുതുന്നത്.

വെബിനും ടിവിക്കും ഒരുപോലെ പ്രേക്ഷകര്‍

അമേരിക്കയില്‍ ടെലിവിഷന്‍ പ്രേക്ഷകരുടെയും വെബ് ഉപയോക്താക്കളുടെയും എണ്ണം ഒരു പോലെയാണെന്ന് പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. ഇന്‍റര്‍നെറ്റിലെ വെബ് ടിവി പ്രേക്ഷര്‍ വര്‍ധിക്കുന്നത് പോലെ തന്നെ ടെലിവിഷന്‍ പ്രേക്ഷരും വര്‍ധിച്ചു വരുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നീല്‍‌സന്‍ ഗവേഷണ കമ്പനിയാണ് ഇത്തരമൊരു പഠനം നടത്തിയത്.

അമേരിക്കയിലെ 57 ശതമാനം ടെലിവിഷന്‍ പ്രേക്ഷകര്‍ക്കും ഇന്‍റര്‍നെറ്റ് കണക്‍ഷനുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ടെലിവിഷന്‍ കാണുന്നതിന് പുറമെ ഇവര്‍ വെബ് ടെലിവിഷനും ഉപയോഗിക്കുന്നവരാണ്. അമേരിക്കയില 128 ദശലക്ഷം വരുന്ന ഉപഭോക്താക്കള്‍ ഇത്തരത്തില്‍ ടിവിയും വെബും ഒരുപോലെ ഉപയോഗിക്കുന്നു.

ഇതിനാല്‍ തന്നെ മിക്ക ടെലിവിഷന്‍ ചാനലുകളും വെബ് ടെലിവിഷന്‍ സേവനവും ലഭ്യമാക്കുന്നുണ്ട്. പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെട്ട പ്രോഗ്രാമുകള്‍ വെബില്‍ ലഭ്യമാക്കുന്നതിനാല്‍ ഓണ്‍ലൈന്‍ വരുമാനവും നേടാനാകുമെന്ന് നീല്‍‌സന്‍ വക്താവ് ഗാരി ഹോം‌സ് പറഞ്ഞു. ബ്രോഡ്കാസ്റ്റിംഗ് സമയത്ത് നഷ്ടപ്പെടുന്ന പ്രേക്ഷരെ വെബിലൂടെ തിരികെപിടിക്കാന്‍ വേണ്ടിയാണ് മിക്ക കമ്പനികളും വെബ് ടെലിവിഷന് പ്രാധാന്യം നല്‍കുന്നത്.

നീല്‍‌സന്‍റെ പഠന റിപ്പോര്‍ട്ട് പ്രകാരം ശരാശരി ടെലിവിഷന്‍ പ്രേക്ഷകരും മാസത്തില്‍ ചുരുങ്ങിയത് രണ്ടര മണിക്കൂര്‍ എങ്കിലും നെറ്റ് ഉപയോഗിക്കുന്നവരാണ്. ഇവരില്‍ 28 ശതമാനം പേരും വീട്ടിലിരുന്ന് വെബ് ടെലിവിഷന്‍ സേവനം ഉപയോഗപ്പെടുത്തുന്നവരാണെന്നും റിപ്പോട്ടില്‍ വ്യക്തമാക്കുന്നുണ്ട്.

ഓണ്‍ലൈനില്‍ തത്സമയ ക്രിക്കറ്റുമായി ടെന്‍സ്പോര്‍ട്സ്

പ്രമുഖ സ്പോര്‍ട്സ് ടെലിവിഷന്‍ ചാനലായ ടെന്‍സ്പോര്‍ട്സ് ഓണ്‍ലൈനില്‍ തത്സമയ ക്രിക്കറ്റ് മത്സരങ്ങള്‍ പ്രക്ഷേപണം ചെയ്യുന്നു. ടെന്‍സ്പോര്‍ട്സും എന്‍ ബി സി യൂണിവേഴ്സലും യോജിച്ച് പ്രവര്‍ത്തിച്ചാണ് ക്രിക്കറ്റ് മത്സരങ്ങള്‍ ഓണ്‍ലൈനില്‍ നല്‍കുന്നത്. ടെന്‍സ്പോര്‍ട്സ് സൈറ്റില്‍ സൌജന്യമാ‍യി ക്രിക്കറ്റ് മത്സരങ്ങള്‍ കാണാന്‍ സാധിക്കുമെന്ന് അധികൃതര്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്.

ഈ മാസം അവസാനം ലങ്കയില്‍ നടക്കാനിരിക്കുന്ന ന്യൂസിലാന്‍ഡ്, ഇന്ത്യ, ശ്രീലങ്ക എന്നീ ടീമുകള്‍ പങ്കെടുക്കുന്ന ത്രിരാഷ്ട്ര പരമ്പരയും ലങ്കയും ന്യൂസിലാന്‍ഡും തമ്മിലുള്ള ട്വന്‍റി-20 മത്സരങ്ങളും ഇത് വഴി സൌജന്യമായി കാണാനാകുമെന്ന് അധികൃതര്‍ അറിയിച്ചു. പാകിസ്ഥാന്‍, വെസ്റ്റ് ഇന്‍ഡീസ്, ദക്ഷിണാഫ്രിക്ക, സിംബാവെ, ദുബായ്, അബുദാബി എന്നിവിടങ്ങളില്‍ നടക്കുന്ന എല്ലാ മത്സരങ്ങളും ഓണ്‍ലൈന്‍ വഴി പ്രദര്‍ശിപ്പിക്കും.

വ്യക്തതയാര്‍ന്ന കമന്‍ട്രിയോടൊപ്പം ലഭിക്കുന്ന ക്രിക്കറ്റ് വീഡിയോയ്ക്ക് പുറമെ സ്കോറുകളുടെയും റെക്കോര്‍ഡുകളുടെയും കണക്കുകളും ലൈവായി നല്‍കും. തത്സമയ പ്രക്ഷേപണത്തിന് പുറമെ മത്സരത്തിനിടയിലെ പ്രധാന ഭാഗങ്ങള്‍ ഇഷ്ടപ്രകാരം കാണാനാകും. വിവിധ മത്സരങ്ങളിലെ പ്രധാന ഭാഗം സൈറ്റിലെ വീഡിയോ വിഭാഗത്തില്‍ എപ്പോഴും ലഭ്യമായിരിക്കും.

യൂട്യൂബിലേക്ക് കൂടുതല്‍ വീഡിയോകള്‍

ഗൂഗിളിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വീഡിയോ ഷെയറിംഗ് സൈറ്റായ യൂട്യൂബിലേക്ക് കൂടുതല്‍ വീഡിയോകള്‍ എത്തുന്നു. ഇതിന്‍റെ ഭാഗമായി ടൈം വാര്‍ണര്‍ കമ്പനിയുമായി യൂട്യൂബ് പുതിയ കരാറില്‍ ഒപ്പിട്ടു കഴിഞ്ഞു. സി എന്‍ എന്‍, കാര്‍ട്ടൂണ്‍ നെറ്റ്വര്‍ക്ക്, ടി എന്‍ ടി തുടങ്ങിയവയുടെ വീഡിയോ ക്ലിപ്സ് പങ്കുവയ്ക്കുന്നത് സംബന്ധിച്ചാണ് ധാരണയിലെത്തിയിരിക്കുന്നത്.

ഓണ്‍ലൈന്‍ പരസ്യവരുമാനം വര്‍ധിപ്പിക്കാന്‍ ലക്‍ഷ്യമിടുന്ന യൂട്യൂബിന് പുതിയ കരാര്‍ കൂടുതല്‍ സഹായകരമാകുമെന്നാണ് കരുതുന്നത്. യൂട്യൂബില്‍ ഉപയോക്താക്കളാണ് കൂടുതല്‍ വീഡിയോകളും അപ്‌ലോഡ് ചെയ്യുന്നത്. അതേസമയം, യൂട്യൂബ്, ടൈം വാര്‍ണര്‍ ധാരണ സംബന്ധിച്ചുള്ള സാമ്പത്തിക വിവരങ്ങള്‍ പുറത്തുവിട്ടു. പരസ്യവരുമാനം ഇരുകമ്പനികളും പങ്കുവയ്ക്കാനാണ് ധാരണയായിരിക്കുന്നത്.

ടൈം വാര്‍ണറിന്‍റെ ഉടമസ്ഥതയിലുള്ള ചില പ്രോഗ്രാം ക്ലിപ്സുകള്‍ നേരത്തെ തന്നെ യൂട്യൂബില്‍ അപ്‌ലോഡ് ചെയ്തിരുന്നു. ധാരണ പ്രകാരം പ്രമുഖ പ്രോഗ്രാമുകളായ ഗോസിപ് ഗേള്‍, ദി എല്ലന്‍ ഡിജെനറസ് ഷോ തുടങ്ങിയവ എല്ലാം യൂട്യൂബിലെത്തുമെന്നാണ് കരുതുന്നത്.

ഹുലു പോലുള്ള നിരവധി വീഡിയോ സൈറ്റുകളുമായി യൂട്യൂബ് സഹകരണത്തിലാണ്. നേരത്തെ ഡിസ്നി ഗ്രൂപ്പുമായും യൂട്യൂബ് ധാരണയിലെത്തിയിരുന്നു. നിലവില്‍ യൂട്യൂബില്‍ ഓരോ മിനുറ്റിലും ഇരുപത് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള വീഡിയോകളാണ് അപ്‌ലോഡ് ചെയ്തു കൊണ്ടിരിക്കു.

ഡിഎന്‍എയില്‍ നിന്ന് മൈക്രോചിപ്പുമായി ഐബി‌എം

ലോകത്തെ മുന്‍നിര ഇലക്ട്രോണിക്സ് ഉല്‍പ്പന്ന നിര്‍മ്മാതാക്കളായ ഐ ബി എം ഡി എന്‍ എ ഉപയോഗിച്ച് മൈക്രോചിപ്പുകള്‍ നിര്‍മ്മിക്കുന്നു. നിലവില്‍ വിപണിയില്‍ ലഭ്യമാകുന്നതിനേക്കാള്‍ ഏറ്റവും വിലക്കുറഞ്ഞ ചിപ്പുകള്‍ നിര്‍മ്മിക്കാനാണ് ഐ ബി എം ലക്‍ഷ്യമിടുന്നത്. ഡി എന്‍ ഒറിഗാമിയുടെ സേവനം ഉപയോഗിച്ചാണ് ചെലവ് കുറഞ്ഞ മൈക്രോചിപ്പുകള്‍ നിര്‍മ്മിക്കുക. കമ്പ്യൂട്ടര്‍, ലാപ് ടോപ്, സെല്‍ഫോണ്‍ തുടങ്ങി നിരവധി ഇലക്ട്രോണിക്സ് ഉല്‍പ്പന്നങ്ങളില്‍ ഉപയോഗിക്കാന്‍ കഴിയുന്നതായിരിക്കും പുതിയ മൈക്രോചിപ്പെന്ന് അധികൃതര്‍ വ്യക്തമാക്കി. ജൈവിക തന്‍‌മാത്രകളുടെ സഹായത്തോടെയുള്ള ചിപ്പ് നിര്‍മ്മാണം ആദ്യമാണെന്നും ഐ ബി എം റിസര്‍ച്ച് മാനേജര്‍ സപൈക് നാരായന്‍ പറഞ്ഞു. ഐ ബി എമ്മിന്‍റെ അല്‍‌മാദന്‍ റിസര്‍ച്ച് സെന്‍റര്‍, കാലിഫോര്‍ണിയ ഇന്‍സ്റ്റിട്യൂറ്റ് ഓഫ് ടെക്നോളജി എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞര്‍ യോജിച്ച് പ്രവര്‍ത്തിച്ചാണ് പുതിയ മൈക്രോചിപ്പ് വികസിപ്പിച്ചെടുത്തത്. Read more »

ആപ്പിള്‍ സ്റ്റോറിന്‍റെ അനുവാദത്തിനായി ഫേസ്ബുക്ക്

ജനപ്രിയ സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റായ ഫേസ്ബുക്കിന്‍റെ ഏറ്റവും പുതിയ മൊബൈല്‍ ആപ്ലിക്കേഷന്‍ ആപ്പിള്‍ സ്റ്റോറിന്‍റെ അനുവാദത്തിനായി കാത്തിരിക്കുകയാണ്. നേരത്തെ പുറത്തിറക്കിയിരുന്ന പതിപ്പില്‍ നിന്നും ഏറെ വ്യത്യാസങ്ങളുമായാണ് ഫേസ്ബുക്ക് 3.0 ആപ്ലിക്കേഷന്‍ ഇറങ്ങുന്നത്.

കൂടുതല്‍ സേവനങ്ങള്‍ നല്‍കാന്‍ കഴിയുന്ന ആപ്ലിക്കേഷനില്‍ ഐഫോണിന്‍റെ ത്രീജി എസ് സാങ്കേതികതയിലൂടെ വീഡിയോ അപ്‌ലോഡിംഗ് സുഖകരമാക്കാന്‍ പ്രത്യേകം സംവിധാനം തന്നെയുണ്ട്. ന്യൂസ്, ഇമേജ് ടാഗിംഗ്, ആല്‍‌ബം തുടങ്ങി സേവനങ്ങളുടെയെല്ലാം ഏറ്റവും പുതിയ സംവിധാനങ്ങളുമായാണ് ഫേസ്ബുക്ക് 3.0 പുറത്തു വരുന്നത്.

പുതിയ ഫേസ്ബുക്ക് ആപ്ലിക്കേഷന്‍റെ സഹായത്തോടെ ലോകത്ത് വിവിധ വിഷയങ്ങള്‍ തക്ക സമയങ്ങളില്‍ ഐഫോണ്‍, ഫേസ്ബുക്ക് ഉപയോക്താക്കളിലെത്തിക്കാനാകും. ഫേസ്ബുക്കിന്‍റെ നിലവിലെ ആപ്ലിക്കേഷന്‍ ആപ്പിള്‍ ഐട്യൂണ്‍സ് സ്റ്റോറില്‍ വന്‍ പ്രചാരം നേടിയിരുന്നു. ലോകത്ത് 250 ദശലക്ഷം ഫേസ്ബുക്ക് ഉപയോക്താക്കളുണ്ടെന്നാണ് കണക്ക്

വന്‍ ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പ്; മൂന്ന് പേര്‍ പിടിയില്‍

അമേരിക്കയില്‍ ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പ് നടത്തിയ മൂന്നു പേര്‍ പിടിയിലായി. നൂറ്റിമുപ്പത് ദശലക്ഷം ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങളാണ് ഇവര്‍ തട്ടിയെടുത്തത്. ലോകത്ത് ഏറ്റവും വലിയ ക്രെഡിറ്റ് തട്ടിപ്പാണിത്. ഹാര്‍ട്ട് ലാന്‍ഡ് പെയ്മെന്‍റ് സിസ്റ്റംസ്, 7- ഇലവന്‍, ഹന്നഫോര്‍ഡ് ബ്രെദേഴ്സ് എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇവര്‍ തട്ടിപ്പ് നടത്തിയത്.

മിയാമി പ്രദേശത്തെ ആല്‍ബര്‍ട്ട് ഗൊന്‍സലെസ് എന്ന വ്യക്തി വ്യാജ ഐഡികള്‍ നിര്‍മ്മിച്ച് കമ്പ്യൂട്ടര്‍ നെറ്റ്വര്‍ക്ക് സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ചോര്‍ത്തിയത്. പ്രതികള്‍ക്ക് ചുരുങ്ങിയത് ഇരുപത് വര്‍ഷം തടവും 250,000 ഡോളര്‍ പിഴ ശിക്ഷയും ലഭിക്കുമെന്നാണ് കരുതുന്നത് പൊലീസ് പറഞ്ഞു.

അമേരിക്കയിലെ രഹസ്യാന്വേഷണ പൊലീസാണ് കേസ് അന്വേഷിച്ചത്. ഇതിനു മുമ്പ് നൂറ് ദശലക്ഷം ക്രെഡിറ്റ് കാര്‍ഡ് ഡാറ്റകള്‍ തട്ടിയെടുത്ത കേസ് ഫയല്‍ ചെയ്തിരുന്നു. കഴിഞ്ഞ ജനുവരിയില്‍ നടന്ന ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പ് നടന്നതും ഹാര്‍ട്ട് ലാന്‍ഡ് പെയ്മെന്‍റ് സിസ്റ്റം വഴിയായിരുന്നു. ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പുകള്‍ അമേരിക്കയില്‍ വര്‍ധിച്ചു വരുന്നതായാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. സാങ്കേതക രംഗത്തെ വിദഗ്ധരാണ് ഇത്തരം തട്ടിപ്പു പിന്നിലെന്നതും ശ്രദ്ധേയമാണ്.

Follow

Get every new post delivered to your Inbox.